National
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ് എഫ്ഐആർ. വിജയ് റാലിക്കെത്താൻ മനഃപൂര്‍വം നാലുമണിക്കൂര്‍ വൈകിയെന്നും കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നുമാണ് എഫ്ഐആറിലുള്ളത്.
അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി, ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല എന്നും എഫ്ഐആറിലുണ്ട്. പരിപാടിക്കിടെ ബോധരഹിതരായി 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസവുമുണ്ടായി.
മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ലെന്നും എഫ്ഐആറില്‍ പറയുന്നു.
പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെന്നും അവ തകർന്നു വീണെന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു. താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് തകർന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25,000 പേർ പങ്കെടുത്തെന്ന് എഫ്ഐആറിൽ ചൂണ്ടിക്കാട്ടി.
കരൂരിൽ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അമ്പതിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി.
തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
Kerala
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും.
സംഭവത്തിനു തൊട്ടുമുന്‍പ് കല്ലേറുണ്ടായെന്നും ഇടയ്ക്ക് വൈദ്യുതി നിലച്ചെന്നും ടിവികെ ആരോപിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. ഗൂഢാലോചന നടന്നുവെന്നതിനു വിശ്വസനീയമായ തെളിവുകള്‍ പ്രദേശവാസികളില്‍നിന്നു ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. കരൂരിലെ ഡിഎംകെ ഭാരവാഹികള്‍ക്കു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ടിവികെ അഭിഭാഷകൻ വെളിപ്പെടുത്തി.
അതേസമയം, ശനിയാഴ്ചയുണ്ടായ ദുരന്തം അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തുന്നതുവരെ വിജയ്യുടെ റാലികൾ നിരോധിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി ഞായറാഴ്ച പരിഗണിച്ചില്ല. കരൂരിൽ പരിക്കേറ്റ സെന്തിൽ കണ്ണൻ എന്നയാളാണ് ഹർജി നല്‍കിയത്. ഹർജി ഇന്നു പരിഗണിച്ചേക്കും
Kerala
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ സംഖ്യ 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65കാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അമ്പതിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
അതേസമയം, സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി.
തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് കെ. പളനിസ്വാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, പിഎംകെ നേതാവ് അൻപുമണി രാമദാസ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശുപത്രി സന്ദർശിച്ചു.
National
ചെന്നൈ: കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരിച്ച ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് വിജയ്യുടെ ടിവികെ പാർട്ടി മദ്രാസ് ഹൈക്കോടതിയിൽ. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.
റാലിക്കിടെ പോലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ ഹർജിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം.
ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു.
National
ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്നാട് എഡിജിപി എസ്. ഡേവിഡ്സണിന്റെ നേതൃത്വത്തിൽ കരൂർ ടൗൺ പോലീസ് സ്റ്റേഷനിലാണ് യോഗം ചേരുന്നത്. ആറ് എസ്പിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ അറസ്റ്റ് ഉടനില്ല. അറസ്റ്റ് ഉടൻവേണ്ടന്ന ധാരണയെ തുടർന്നാണ് തീരുമാനം. തിടുക്കപ്പെട്ട് കേസെടുത്താൽ അത് വിജയ്ക്ക് അനുകൂല വികാരമുണ്ടാക്കിയേക്കുമെന്നും രാഷ്ട്രീയ പ്രേരിതമായ തീരുമാനമെന്നും വ്യഖ്യാനിക്കപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. വിജയ്യുടെ അറസ്റ്റ് കോടതിനിർദേശം വരെ കാത്തിരിക്കാനാണ് നിലവിലെ തീരുമാനം.
കരൂരിൽ വിജയ്യുടെ റാലിയിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 39പേരാണ് മരിച്ചത്. സംഭവത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ അടക്കം പോലീസ് കേസെടുത്തിട്ടുണ്ട്. വിജയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.